ശബരിമല: ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി കേരള പോലീസ്, സിആർപിഎഫ് - ആർഎഎഫ്, എൻഡിആർഎഫ് , ആന്റി സബോട്ടേജ് ചെക്ക് ടീം, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ്, സ്പെഷൽ ബ്രാഞ്ച് എന്നീ സേനാ വിഭാഗങ്ങൾ സംയുക്തമായി റൂട്ട് മാർച്ച് നടത്തി. ചില സംഘടനകൾ ബാബറി ദിനാചരണം ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് ക്രമീകരണങ്ങൾ.
ഇന്നലെയും ഇന്നുമായാണ് അധിക സുരക്ഷാ ക്രമീകരണങ്ങളെന്ന് പോലീസ് സ്പെഷൽ ഓഫീസർ ആർ. ശ്രീകുമാർ അറിയിച്ചു. രാത്രി നട അടച്ചു കഴിഞ്ഞാൽ ഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കില്ല. നടയടച്ച ശേഷം വരുന്ന ഭക്തർക്ക് നടപ്പന്തലിലെ ക്യൂവിൽ കാത്തുനിൽക്കാം, പിറ്റേന്ന് രാവിലെ മാത്രമേ പടി കയറാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.